loader

News

  • Home     >
  • News

News

SPEECH OF MAJOR ARCHBISHOP AT KURAVILANGAD

SPEECH OF MAJOR ARCHBISHOP AT KURAVILANGAD

അഭിവന്ദ്യ പിതാവേ, പ്രിയ സഹോദരീ, സഹോദരരെ ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ! മര്‍ത്ത് മറിയം ആര്‍ച്ച്ഡീക്കന്‍ ഫൊറോന പള്ളി സീറോ മലബാര്‍ സഭയുടെ തീര്‍ത്ഥാടനദൈവാലയമായി ഉയര്‍ത്തപ്പെട്ടിട്ട് ഒരു വര്‍ഷം തികഞ്ഞു. ഇന്നേ ദിവസം ഈ ദൈവാലയത്തിന്‍റെ വികാരി ബഹു. ജോസഫ് തടത്തിലച്ചനെ സഭ ആര്‍ച്ച് പ്രീസ്റ്റ് എന്ന പദവി നല്‍കി ആദരിച്ചിരിക്കുകയാണ്. ഇനി മുതല്‍ ഈ പ്രസിദ്ധമായ ദൈവാലയത്തില്‍ വികാരിമാരായി വരുന്ന എല്ലാ വൈദികര്‍ക്കും ആര്‍ച്ച് പ്രീസ്റ്റ് എന്ന പദവി ഉണ്ടായിരിക്കുന്നതാണ്. പണ്ടു മുതലേ മാര്‍തോമാ ക്രിസ്ത്യാനികളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് കുറവിലങ്ങാട്. പറമ്പില്‍ ചാണ്ടി മെത്രാന്‍റെയും നിധിരിക്കല്‍ മാണി കത്തനാരുടെയും അര്‍ക്കദിയാക്കډാരുടെയും പേരില്‍ കുറവിലങ്ങാട് പ്രസിദ്ധിയാര്‍ജ്ജിച്ചു. ഈ പ്രദേശത്തു നിന്ന് ഭാരതത്തിലും ഭാരതത്തിന് പുറത്തും പ്രേഷിതരായി പോയിട്ടുള്ള മെത്രാډാരും വൈദികരും സമര്‍പ്പിതരും മാര്‍തോമാ ക്രിസ്ത്യാനികളുടെയും സാര്‍വ്വത്രിക സഭയുടെയും പ്രേഷിതപ്രവര്‍ത്തനത്തിനും അജപാലനത്തിനും നല്‍കിയിട്ടുള്ള സംഭാവനകള്‍ നിസ്തുലമാണ്. ഈ ദൈവാലയത്തിന്‍റെ തലയെടുപ്പുപോലെതന്നെ സീറോ മലബാര്‍ സഭയില്‍ കുറവിലങ്ങാടിന്‍റെ ഔന്നിത്യവും പ്രശംസനീയമാണ്. പരിശുദ്ധ അമ്മയ്ക്ക് സഭയുടെ പാരമ്പര്യം നല്‍കിപ്പോന്ന മര്‍ത്ത് മറിയം എന്ന അഭിധാനത്തിലാണ് ഈ ദൈവാലയത്തിന്‍റെ പേര് അറിയപ്പെടുന്നത്. ഈശോയെ മാര്‍ അഥവാ നാഥന്‍ എന്ന് വിളിച്ച മാര്‍തോമാക്രിസ്ത്യാനികള്‍ പരിശുദ്ധ അമ്മയെ മര്‍ത്ത് അഥവാ നാഥ എന്ന് വിളിച്ചുപോന്നു. ഈ മര്‍ത്ത് മറിയം പള്ളിയില്‍ വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് പരിശുദ്ധ അമ്മ ഈശോയുടെ പക്കല്‍ നിന്നും അനുഗ്രഹങ്ങള്‍ വാരിവിതറുന്ന മധ്യസ്ഥയായിരിക്കുന്നു. കാനായിലെ കല്യാണവിരുന്നിലെ കുറവ് പരിശുദ്ധ അമ്മ എങ്ങനെ പരിഹരിച്ചു എന്ന് ഇന്നത്തെ സുവിശേഷത്തില്‍ നിന്ന് ഒരിക്കല്‍കൂടി നാം കേട്ടുവല്ലൊ. ഈ ഫോറോനാപള്ളിയിലേയ്ക്ക് തീര്‍ത്ഥാടകരായി വന്ന് മാധ്യസ്ഥം തേടുന്നവര്‍ക്ക് പരിശുദ്ധ അമ്മ അത്ഭുതകരമായ അനുഗ്രഹങ്ങളുടെ ഉറവയാണ്. ഇവിടെയുള്ള വറ്റാത്ത ഉറവ പരിശുദ്ധ അമ്മയുടെ മധ്യസ്ഥത്തില്‍ വിശ്വാസികള്‍ക്ക് ലഭിക്കുന്ന കൃപാവരങ്ങളുടെ പ്രതീകം തന്നെയാണ്. 'അവന്‍ പറയുന്നത് ചെയ്യുക' എന്ന് പരിചാരകരോടു പറഞ്ഞ അമ്മ അതുവഴി വിരുന്നുകാരന് വിളമ്പാനുള്ള വീഞ്ഞിന്‍റെ ഉറവിടമായി തീര്‍ന്നു. ഇവിടുത്തെ ഉറവയും വിശ്യാസികള്‍ക്ക് ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കാനുള്ള പരിശുദ്ധ അമ്മയുടെ മധ്യസ്ഥത്തിന് അടയാളമായി തീര്‍ന്നിരിക്കുന്നു. പരിശുദ്ധ കന്യകാമറിയത്തെ കൂട്ടുപിടിച്ച് നടന്നാല്‍ നാം എത്തിച്ചേരുന്നത് തിരുകുമാരന്‍റെ കൃപാവരസ്രോതസ്സിലായിരിക്കും. കര്‍ത്താവിന്‍റെ വചനങ്ങളും അത്ഭുതങ്ങളും നമ്മുടെ ജീവിതത്തില്‍ നിരന്തരം പ്രാപിക്കുവാന്‍ പരിശുദ്ധ അമ്മ നമ്മെ സഹായിക്കട്ടെ! വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ തന്‍റെ പാപ്പായ്ക്കടുത്ത ശുശ്രൂഷയെ പരിശുദ്ധ അമ്മയുടെ കൈയ്യില്‍ ഏല്‍പ്പിച്ചുകൊണ്ടാണ് അത്ഭുതകരമായി 27വര്‍ഷം നീണ്ടുനിന്ന തന്‍റെ അത്ഭുതകരമായ ശുശ്രൂഷ വിജയകരമായി നിറവേറ്റിയത്. എല്ലാം നിന്‍റേത് “Totus Tuus” എന്നു പറഞ്ഞ് ആ പരിശുദ്ധ പിതാവ് അമ്മയില്‍ അഭയം പ്രാപിച്ചു. തനിക്ക് ഏറ്റ വെടിയുണ്ടയും പരിശുദ്ധ അമ്മയുടെ കഴുത്തില്‍ അദ്ദേഹം സമര്‍പ്പിച്ചു. പ്രിയമുള്ളവരെ, ഇത് ആരാധനക്രമത്തിലെ ദനഹാക്കാലമാണല്ലൊ. കാനായിലെ വിവാഹവിരുന്നില്‍ ദൈവത്തിന്‍റെ മഹത്വം ഈശോയിലൂടെ പ്രകാശിതമായതുപോലെ അതേ മഹത്വം നമ്മുടെ എളിയ ജീവിതത്തിലൂടെയും പ്രകാശിതമാക്കുവാന്‍ നമുക്കു കഴിയണം. നിത്യപുരോഹിതനായ ഈശോ രക്ഷയുടെ മധ്യസ്ഥനാണ് എന്ന് ഹെബ്രായരുടെ ലേഖനത്തിലെ വായനയില്‍നിന്ന് നാം മനസ്സിലാക്കി. ഇസ്രായേലിന് ആസന്നമായിരുന്ന രക്ഷയെ വെളിപ്പെടുത്തിക്കൊണ്ടാണ് ഏശയ്യാ പ്രവാചകന്‍ ഇന്ന് നമ്മോട് സംസാരിച്ചത്. ഇസ്രായേലിന് വെളിപ്പെടുത്തപ്പെടുന്ന ദൈവികമഹത്വം തന്നെ സംഖ്യയുടെ പുസ്തകത്തിലും വിവരിച്ചിരിക്കുന്നതായി നാം കണ്ടു. മരുഭൂമിയില്‍ ഭക്ഷണമില്ലാതെ മോശയോട് പിറുപിറുത്ത ജനങ്ങള്‍ക്ക് മന്നയും കാടപക്ഷിയും നല്‍കി കര്‍ത്താവ് സംരക്ഷിച്ചു. മോശയിലെ ചൈതന്യത്തിന്‍റെ ഒരു ഭാഗം 70നേതാക്കډാര്‍ക്കായി പകര്‍ന്നുകൊണ്ട് ഇസ്രായേല്‍ സമൂഹത്തെ ദൈവം മരുഭൂമിയുടെ പരുപരുത്ത സാഹചര്യങ്ങളിലും ഒരു ജനതയായി സമ്മേളിപ്പിച്ചു. ദൈവത്തിന്‍റെ പരിപാലനയും കരുതലും അപ്രകാരം മോശയിലൂടെയും സഹപ്രവര്‍ത്തകരിലൂടെയും ഇസ്രായേല്‍ ജനം അനുഭവിച്ചു. മനുഷ്യസമൂഹത്തില്‍ ദൈവപരിപാലനയുടെയും ദൈവീകമായ വിശുദ്ധീകരണത്തിന്‍റെയും നീതിയുടെയും സമാധാനത്തിന്‍റെയും അനുഭവങ്ങള്‍ നല്‍കികൊണ്ട് കര്‍ത്താവിന്‍റെ ശുശ്രൂഷകരായി വര്‍ത്തിക്കുവാന്‍ ക്രൈസ്തവരായ നമുക്കു കഴിയണം. ഇന്നത്തെ കുടുംബങ്ങള്‍ക്ക് നേരിടുന്ന പ്രതികൂലസാഹചര്യങ്ങളിലും വിവാഹത്തിന്‍റെ വിശുദ്ധി പാലിച്ചുകൊണ്ട് മക്കള്‍ക്ക് ജډം നല്‍കി വളര്‍ത്തുവാന്‍ ത്യാഗപൂര്‍വ്വം നാം സന്നദ്ധരാകേണ്ടിയിരിക്കുന്നു. കര്‍ത്താവിന്‍റെ സുവിശേഷ സന്ദേശം അത് ഇനിയും അറിഞ്ഞിട്ടില്ലാത്തവര്‍ക്ക് എത്തിച്ചുകൊടുക്കുവാനും അവിടുത്തെ സ്നേഹവും കാരുണ്യവും നിഷേധിക്കപ്പെടുന്നവര്‍ക്ക് അത് നല്‍കുവാനും നാം പ്രേഷിതരാകണം. പാലാ രൂപത തെലുങ്കാനായിലെ അദിലാബാദിലും ഗുജറാത്തിലും അഹമ്മദാബാദിലും മിഷന്‍ പ്രദേശങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നതിനെ ഈ സന്ദര്‍ഭത്തില്‍ ഞാന്‍ നന്ദിപൂര്‍വ്വം അനുസ്മരിക്കുന്നു. അവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ രൂപതയിലെ വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അല്മായപ്രേഷിതര്‍ക്കും സ്നേഹപൂര്‍വ്വം അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നു. ഈ നാട്ടിലും മിഷന്‍പ്രദേശങ്ങളിലും ദാരിദ്ര്യം അനുഭവിക്കുന്നവര്‍ക്ക് നമുക്ക് നമ്മുടെ സഹായങ്ങള്‍ എത്തിക്കാം. കഴിഞ്ഞ പ്രളയകാലത്ത് പാലാരൂപതയില്‍ നിന്ന് വൈദികരും അല്മായരും ചെയ്ത ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തികസഹായങ്ങല്‍ക്കും പ്രതിഫലമായി ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. സഭാകൂരിയായുടെ നടത്തിപ്പിനായി നിങ്ങള്‍ നല്‍കുന്ന സഹായസഹകരണങ്ങള്‍ക്കായും ഞാന്‍ ഹൃദയപൂര്‍വ്വം നന്ദി പറയുന്നു. ആവശ്യക്കാരന് സഹായം എത്തിക്കുന്നവനാണ് യഥാര്‍ത്ഥ അയല്‍ക്കാരനെന്ന് നല്ല സമരിയാക്കാരന്‍റെ ഉപമയിലൂടെ നമ്മെ പഠിപ്പിച്ച കര്‍ത്താവ് നമ്മുടെ ചിന്തയില്‍ എപ്പോഴും ഉണ്ടായിരിക്കട്ടെ. നമ്മുടെ രാജ്യത്തിന്‍റെ ഇന്നത്തെ സാഹചര്യങ്ങളില്‍ ക്രൈസ്തവവിശ്വാസം പ്രഘോഷിക്കുവാനും ജീവിക്കുവാനും പ്രചരിപ്പിക്കുവാനും ഭരണഘടന നമുക്ക് നല്‍കുന്ന അവകാശം അനുസരിച്ച് ധൈര്യപൂര്‍വ്വം പ്രവര്‍ത്തിക്കുവാന്‍ കാരുണ്യവാനായ കര്‍ത്താവ് നാമേവരെയും അനുഗ്രഹിക്കട്ടെ. അങ്ങനെ നാം ഉറയുള്ള ഉപ്പുപോലെ നമ്മുടെ സമൂഹത്തിന് നീതിയും സ്നേഹവും കാരുണ്യവും പകര്‍ന്നുനല്‍കുവാന്‍ പ്രാപ്തരാകട്ടെ. മലമുകളിലെ പ്രകാശംപോലെ നമ്മുടെ വെളിച്ചം മനുഷ്യമനസ്സുകളിലെ അന്ധകാര പൂരിതമായ ചിന്താരീതികളെ പ്രകാശിപ്പിക്കട്ടെ. ദൈവം ഭരിക്കുന്ന ജനങ്ങളുടെ കൂട്ടായ്മയായി മനുഷ്യസമൂഹം പരിവര്‍ത്തിതമാകട്ടെ! ദൈവത്തിന് സ്തുതി. പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ ആമ്മേന്‍. Source: SMCIM