About Us

  • Home     >
  • About Us

About Us

Know our Church

 

കുറവിലങ്ങാട് - അനുഗൃഹീത പട്ടണം

 
പ്രൗഡമായ ഉല്പത്തിയും മഹിതമായ ചരിത്രവും ചരിത്രത്തിലെ ആദ്യത്തേതും എന്നാല്‍ ആവര്‍ത്തിക്കപ്പെട്ടിട്ടുള്ളതുമായ മരിയന്‍ പ്രത്യക്ഷീകരണങ്ങളും സ്വന്തമായുള്ള ലോകത്തിലെ ഏക ജനതയാണ് കുറവിലങ്ങാട്ടെ മുത്തിയമ്മയുടെ മക്കള്‍. ദൈവമാതാവ് സ്ഥാനനിര്‍ണ്ണയം നടത്തിയ ലോകത്തിലെ ഏക ദൈവാലയം, നസ്രാണികൂട്ടായ്മയിലെ എല്ലാ സഭകളുടേയും എത്താ എമ്മാ (മദര്‍ ചര്‍ച്ച് -മാതൃദൈവാലയം), നാലാം നൂറ്റാണ്ട് മുതല്‍ പതിനേഴാം നൂറ്റാണ്ട് വരെ ഇന്ത്യയിലെ സഭയ്ക്ക് നേതൃത്വം നല്‍കിയ അര്‍ക്കദിയാക്കോന്മാരുടെ തറവാടും ഭരണകേന്ദ്രവും പ്രഥമ ഏതദ്ദേശിയ മെത്രാന്‍ പറമ്പില്‍ ചാണ്ടിയുടെ ആസ്ഥാന ദൈവാലയം, പൊന്തിഫിക്കല്‍ അധികാരങ്ങളോടുകൂടിയ വികാരി ജനറാള്‍ നിധീരിക്കല്‍ മാണിക്കത്തനാര്‍ ജനിച്ചതും വികാരിയായിരുന്നതുമായ ഇടവക, സഭാതനയരില്‍ പ്രമുഖനും 475 വര്‍ഷം  തുടര്‍ച്ചയായി ശ്രാദ്ധം നടത്തപ്പെട്ടുപോരുകയും ചെയ്യുന്ന പുണ്യശ്ലോകന്‍ പനങ്കുഴയ്ക്കല്‍ വല്യച്ചന്റെ സ്വന്തം ഇടവക, മധ്യകേരളത്തിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളായ രാമപുരം, മണര്‍കാട്, അതിരമ്പുഴ, കോതനെല്ലൂര്‍, മുട്ടുചിറ, ഇലഞ്ഞി തുടങ്ങിയ ദൈവാലയങ്ങളുടെ പെറ്റമ്മയും പോറ്റമ്മയും, കരുണയുടെ അസാധാരണ ജൂബിലി വര്‍ഷം മുഴുവന്‍ രാപകല്‍ ഭേദമെന്യേ അഖണ്ഡപ്രാര്‍ത്ഥന നടത്തിയ ലോകത്തിലെ ഏക ദൈവാലയം, ആഗോള സീറോമലബാര്‍ സഭയിലെ ആദ്യ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ആര്‍ച്ച്ഡീക്കന്‍ ദൈവാലയം , ആഗോള സഭയില്‍ വികാരിയ്ക്ക് ആര്‍ച്ച് പ്രീസ്റ്റ് പദവി ലഭിച്ച ആദ്യ ദൈവാലയം  എന്നിങ്ങനെ കുറവിലങ്ങാടിന് മാത്രമുള്ള സവിശേഷതകള്‍ ഏറെയാണ്. ദൈവത്തിന്റെ സ്വന്തം ജനമെന്നോ തെരഞ്ഞെടുക്കപ്പെട്ട ജനമെന്നോ ഒക്കെ വിശേഷിപ്പിക്കപ്പെടാവുന്നവരാണിവര്‍; ദൈവത്തിന്റെ കരസ്പര്‍ശം പ്രത്യേകമായി അനുഭവിക്കുവാന്‍ വിളി ലഭിച്ച അനുഗ്രഹീത ജനതയാണ് കുറവിലങ്ങാട്ടേത്.
 

 

കുറവിലങ്ങാട് ക്രൈസ്തവ സാന്നിധ്യം ആദ്യനൂറ്റാണ്ടില്‍ 

 
അറിയപ്പെടുന്ന പട്ടണമോ ഭരണസിരാകേന്ദ്രമോ തുറുമുഖമോ ഒന്നുമല്ലാതിരുന്നുവെങ്കിലും കുറവിലങ്ങാട്ട് ഈശോമിശിഹായുടെ സുവിശേഷം പന്തക്കുസ്തായുടെ ആദ്യനാളുകളില്‍തന്നെ എത്തിച്ചേര്‍ന്നുവെന്നത് ദൈവത്തിന്റെ പ്രത്യേക ഇടപെടലായി കണക്കാക്കപ്പെടുന്നു. മാര്‍ത്തേമ്മാ ശ്ലീഹാ നേരിട്ട് സ്ഥാപിച്ച സപ്ത സമൂഹങ്ങളെക്കാള്‍ ആരംഭകാലം മുതല്‍തന്നെ കുറവിലങ്ങാടിന് പ്രാധാന്യം കൈവരുവാന്‍  കാരണം പന്തക്കുസ്തായുടെ തൊട്ടടുത്ത നാളുകളില്‍ വിശ്വാസം കൈമാറ്റം ചെയ്തുകിട്ടിയെന്നതല്ല;  വിശ്വാസികളുടെ ഇവിടുത്തെ  ചെറിയ സമൂഹത്തിന് അമൂല്യ സമ്മാനമായി ലഭിച്ച പരിശുദ്ധ അമ്മയുടെ ലോകത്തിലെ ആദ്യപ്രത്യക്ഷീകരണമാണ് കുറവിലങ്ങാടിന് സഭയിലുള്ള  വലിയ പ്രാധാന്യത്തിന് കാരണമെന്ന് ചരിത്രവും പാരമ്പര്യവും സാക്ഷിക്കുന്നു. 
 
 
മൊട്ടക്കുന്നുകളും ചെറുകാടുകളും നിറഞ്ഞുനിന്ന ഈ പ്രദേശത്തെ ജനങ്ങള്‍ കാലികളെ വളര്‍ത്തുന്നവരെന്നപോലെ തന്നെ സുഗന്ധവ്യജ്ജനങ്ങളുടെ പ്രമുഖ ഉല്പാദകരുമായിരുന്നു. സുഗന്ധവ്യജ്ഞനങ്ങള്‍ വാങ്ങാന്‍ ഇവിടെ സ്ഥിരമായി എത്തിയിരുന്ന യഹൂദവ്യാപാരികളില്‍ ചിലര്‍ സ്വദേശത്ത് പതിവുപോലെ പെസഹാ ആഘോഷത്തിന് എത്തിയപ്പോള്‍ ഈശോമിശിഹായുടെ പീഡാസഹനത്തിനും കുരിശുമരണത്തിനും ഉത്ഥാനത്തിനും തുടര്‍ന്ന് പന്തക്കുസ്താ അനുഭവങ്ങള്‍ക്കും സാക്ഷികളായി. പന്തക്കുസ്തായ്ക്ക് ശേഷം പരിശുദ്ധ അമ്മയുടെ അനുഗ്രഹം വാങ്ങിയ അവര്‍ ക്രൈസ്തവ വിശ്വാസികളായിട്ടാണ് ഇസ്രായേലില്‍ നിന്ന് കേരളത്തില്‍ മടങ്ങിയെത്തിയത്. ഈ യഹൂദക്രൈസ്തവര്‍ മുഖേനയാണ് ക്രൈസ്തവ വിശ്വാസികളുടെ ആദ്യചെറുഗണം ഇവിടെ രൂപപ്പെട്ടത്. കുറവിലങ്ങാട്ടേയ്ക്ക് ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലും രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായുണ്ടായ ക്രൈസ്തവ കുടിയേറ്റങ്ങള്‍ക്ക് കാരണം ഇവിടുത്തെ ചെറുസമൂഹത്തിന് ഉണ്ടായ മരിയന്‍ പ്രത്യക്ഷീകരണം മാത്രമാണ് എന്ന് വിലയിരുത്തപ്പെടുന്നു. പാലയൂരില്‍ മാര്‍ത്തോമ്മാ ശ്ലീഹായില്‍ നിന്ന് നേരിട്ട് ജ്ഞാനസ്‌നാനം സ്വീകരിച്ച പ്രമുഖരില്‍ നാല് കുടുംബക്കാര്‍ - കള്ളി, കാളികാവ്, ശങ്കരപുരി, പകലോമറ്റം - കുറവിലങ്ങാട്ടേയ്ക്ക് കുടിയേറിയത് ഉഗ്രമായ മതപീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് എന്ന വാദം ശരിയാണെങ്കില്‍പ്പോലും എന്തുകൊണ്ട് അക്കാലത്ത് അത്രമാത്രം പ്രശസ്തിയൊന്നും ഇല്ലാതിരുന്ന കുറവിലങ്ങാട്ടേയ്ക്ക്തന്നെ അവര്‍ കുടിയേറിയെന്നത് ചിന്തനീയമെത്രെ.പ്രശസ്തമല്ലായിരുന്നുവെങ്കിലും മരിയന്‍ പ്രത്യക്ഷീകരണമെന്ന ഏക കാരണംകൊണ്ട് പ്രശസ്തിയിലേക്ക് ഉയര്‍ന്നുകൊണ്ടിരുന്ന കുറവിലങ്ങാട്ടേയ്ക്ക്, കടന്നുപോന്ന പ്രമുഖവും സുരക്ഷിതവുമായ കേന്ദ്രങ്ങള്‍ പലതും ഉപേക്ഷിച്ച് അവര്‍ എത്തിയതും ആ ഏക കാരണം കൊണ്ടുതന്നെയാണ്. മൈലാപ്പൂരില്‍ നിന്ന് പിന്നീടുണ്ടായ കടപ്പൂര്‍ അഞ്ചുവീടരുടെ മതപീഡനം മൂലമുണ്ടായ കുടിയേറ്റവും കുറവിലങ്ങാട്ടേയ്ക്ക് തന്നെയായതിന് കാരണവും മരിയന്‍ പ്രത്യക്ഷീകരണം തന്നെയാണ്.
 
പരിശുദ്ധ അമ്മ ലോകത്തില്‍ ആദ്യമായി കുറവിലങ്ങാട്ട് പ്രത്യക്ഷപ്പെട്ടതുവഴി കന്യകാമറിയത്തെ കുറവിലങ്ങാട് മുത്തിയമ്മ എന്ന് ആദരവോടെ നാനാജാതിമതസ്ഥരായ ഇവിടുത്തെ ആളുകള്‍ അഭിസംബോധന ചെയ്തുവരുന്നു. ഇവിടെ ഉണ്ടായിരുന്ന വിശ്വാസികളെ ദര്‍ശനം നല്‍കി സംരക്ഷിച്ചും മറ്റിടങ്ങളിലെ പീഡീപ്പിക്കപ്പെട്ടിരുന്ന വിശ്വാസികളെ തന്റെ പ്രഥമ പ്രത്യക്ഷീകരണ സ്ഥലത്തേക്ക് ആകര്‍ഷിച്ചും പരിശുദ്ധ അമ്മ ഇവിടുത്തെ സഭാസമൂഹത്തിന് നേതൃത്വം നല്‍കിയപ്പോള്‍ വിശ്വാസികള്‍ ഒരേമനസോടെ വസിക്കുവാനും വിശ്വാസം ജീവിക്കുവാനും ആരംഭിച്ചു. ഒരോ ഹൃദയവും ഒരേ ആത്മാവുമായി ഇവിടുത്തെ വിശ്വാസികള്‍ മിശിഹാനുഭവം ജീവിക്കാന്‍ ആരംഭിച്ചപ്പോള്‍ എഡി 105ന് മുന്‍പുതന്നെ രൂപപ്പെട്ട തനതായ ഒരു ക്രൈസ്തവ ആരാധനാ സമൂഹത്തെ നമുക്ക് കണ്ടെത്താനാകും. അതിന് തെളിവാണ് എഡി 105ല്‍ കുറവിലങ്ങാട്ട് ഉണ്ടായ ദൈവാലയം. ക്രൈസ്തവ അസ്ഥിത്വത്തോട് നൂറുശതമാനം നീതി പുലര്‍ത്തുന്ന വ്യക്തിത്വവും കൂടി ആര്‍ജ്ജിച്ച ഇവിടുത്തെ ക്രൈസ്തവ സമൂഹം തനതായ ഒരു ഭരണ സംവിധാനംതന്നെ വികസിപ്പിച്ചെടുക്കുവാന്‍ തക്ക ഔന്നത്യം കൈവരിച്ചിരുന്നു എന്നതിന്റെ തെളിവാണ് അര്‍ക്കദിയാക്കോന്‍ (ആര്‍ച്ച് ഡീക്കന്‍) എന്ന അതുല്യസ്ഥാനം ഉള്‍ക്കൊള്ളുന്ന സഭാഭരണ സംവിധാനം. ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും പണ്ഡിതര്‍ക്കും ഇതുവരെ പഠിച്ചുതീര്‍ക്കാനാവാത്തത്ര അനന്യതിയിലേക്കും സത്യങ്ങളിലേക്കും സര്‍വ്വോപരി സാധ്യതകളിലേക്കുമാണ് ഈ ഭരണസംവിധാനം വിരല്‍ചൂണ്ടുന്നത്.
 
 
കാലപ്രവാഹത്തില്‍ കുറവിലങ്ങാട്ടെ ക്രൈസ്തവ സമൂഹം കടപുഴകിയില്ലെന്ന് മാത്രമല്ല വിശ്വാസം സംരക്ഷിക്കുവാനും ഒപ്പം ചരിത്രം സൃഷ്ടിക്കുവാനും സഭാസംവിധാനങ്ങള്‍ രൂപീകരിക്കുവാനും കഴിവുള്ള നേതൃനിരയെ ഈ സമൂഹം കാലാകാലങ്ങളില്‍ അര്‍ക്കദിയാക്കോന്മാരും അനന്തരഗാമികളുമായി പ്രദാനം ചെയ്തു. അനൈക്യത്തിന്റെ കാഹളധ്വനികള്‍ക്കെതിരെ ഐക്യത്തിന്റെ ശംഖനാദം മുഴക്കുവാനും പ്രതിലോമ ശക്തികള്‍ക്കെതിരെ പരിചയായി നിലകൊള്ളുവാനും ഈ സമൂഹം എന്നും ബദ്ധശ്രദ്ധമായിരുന്നു. ചരിത്രപുരുഷന്മാരുടെ അധ്വാന ഫലങ്ങളിലൊന്നായ ഇടവക ദൈവാലയത്തെ വിന്‍ചെന്‍സോ മരിയയേപ്പോലുള്ള വിദേശമിഷണറിമാര്‍ മരിയ മജോരെ എന്ന് വിശേഷിപ്പിക്കുക, എത്രമാത്രം വിസ്മയം അവര്‍ക്കുണ്ടായതുകൊണ്ടായിരിയ്ക്കും.

 

അത്ഭുത ഉറവ : ദൃശ്യ അടയാളം 

 
 
പരിശുദ്ധ കന്യകാമറിയം (കുറവിലങ്ങാട്ട് മുത്തിയമ്മ) ഒന്നാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് കുറവിലങ്ങാട്ട് പ്രത്യക്ഷപ്പെട്ട് വിശന്നും ദാഹിച്ചും വലഞ്ഞ കുട്ടികള്‍ക്ക് കല്ല് അപ്പമാക്കി നല്‍കുകയും നീരുറവ തെളിച്ച് കുടിക്കുവാന്‍ ജലം നല്‍കുകയും ചെയ്തു. പരിശുദ്ധ അമ്മ സ്വന്തം കൈകൊണ്ട് മണ്ണ് മാറ്റി തെളിച്ചുനല്‍കിയ അത്ഭുത ഉറവ പള്ളിയുടെ കിഴക്കുഭാഗത്ത് ഇപ്പോഴുമുണ്ട് എന്നത് ഈ പ്രത്യക്ഷീകരണത്തിന്റെ അവഗണിക്കാനാകാത്ത തെളിവായി നിലനില്‍ക്കുന്നു. അനേകര്‍ക്ക് അത്ഭുത രോഗശാന്തി നല്‍കിക്കൊണ്ടിരിക്കുന്ന തീര്‍ത്ഥമാണിതെന്നതിന് തുടര്‍ച്ചയായി ലഭിക്കുന്ന സാക്ഷ്യങ്ങള്‍ തെളിവാണ്. നാനാജാതി മതസ്ഥരും വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവരുമായ അനേകര്‍ ഈ ജലം ശേഖരിക്കാന്‍ ഇവിടെ എല്ലാ ദിവസവും പ്രത്യേകിച്ച് ആദ്യ വെള്ളിയാഴ്ചകളിലും എത്തുന്നു. തൊട്ടിയും കയറും സമര്‍പ്പിക്കുന്നത് ഇവിടുത്തെ പ്രധാന നേര്‍ച്ചയായിരുന്നുവെങ്കിലും തൊട്ടിയുടേയും കയറിന്റേയും വില അമ്മയുടെ സന്നിധിയില്‍ തങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കൊപ്പം സമര്‍പ്പിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. ദൈവാലയ നവീകരണത്തോട് അനുബന്ധിച്ച് ഈ അത്ഭുത ഉറവ കൂടുതല്‍ ദൃശ്യവല്‍ക്കരിച്ചതുവഴി ഉറവയ്ക്ക് ചുറ്റും നിന്നും നടന്നും നീന്തിയും പ്രാര്‍ത്ഥിക്കുവാന്‍ പ്രത്യേകിച്ച് ജപമാല ചൊല്ലുവാന്‍ രാവും പകലും അവസരമായി.

 
 

ദൈവാലയ നാള്‍വഴി 

 
 
പരിശുദ്ധ ദൈവമാതാവിന്റെ നിര്‍ദ്ദേശാനുസരണം അമ്മതന്നെ നിര്‍ദ്ദേശിച്ച സ്ഥലത്ത് എഡി 105ല്‍ നിര്‍മ്മിച്ച ദൈവാലയത്തിന്റെ സ്ഥാനത്ത് പുതുക്കിപ്പണിത പള്ളിയുടെ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിച്ചത് എഡി 345ല്‍ എദേസ്സായില്‍ നിന്നുവന്ന മാര്‍ യൗസേപ്പ് മെത്രാനാണെന്നാണ് തലമുറകളായി ഇവിടെ നിലനില്‍ക്കുന്ന പാരമ്പര്യം. അതെന്തുതന്നെയായാലും ഈ ദൈവാലയത്തിന്റെ സ്ഥാനത്താണ് മുത്തിയമ്മയുടെ രൂപം പ്രതിഷ്ഠിച്ചിരിക്കുന്ന പ്രശസ്തമായ തെക്കേസങ്കീര്‍ത്തി. ദിവാന്‍ സര്‍ സി. പി. രാമസ്വാമി അയ്യര്‍ കുറവിലങ്ങാട് ദൈവാലയം സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് ഒറ്റക്കല്ലില്‍ കൊത്തിയെടുത്തിട്ടുള്ള മുത്തിയമ്മയുടെ ഈ അത്ഭുത രൂപമാണ്. പല കാലഘട്ടങ്ങളിലും കുറവിലങ്ങാട് ദൈവാലയം പുതുക്കിപണിയപ്പെട്ടു. 1599 ജൂണിനും നവംബറിനുമിടയ്ക്ക് ഉദയപേരൂര്‍ സൂനഹദോസിനോടനുബന്ധിച്ച് ഗോവ മെത്രാപ്പോലീത്തയായിരുന്ന ഡോം അലക്‌സിസ് മേനേസിസ് കുറവിലങ്ങാട് സന്ദര്‍ശിച്ചപ്പോഴാണ് കല്ലുകൊണ്ടുള്ള ആദ്യ ദൈവാലയത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. അതിന് മുമ്പുള്ള കാലഘട്ടങ്ങളില്‍ ക്ഷേത്രങ്ങളുടെ രീതിയില്‍ മുളകൊണ്ട് നിര്‍മ്മിച്ച ദൈവാലയമായിരുന്നു ഉണ്ടായിരുന്നത്. (Gouvea, Jornada of Dom Alexis de Menezes, 1603). പറമ്പില്‍ ചാണ്ടിക്കത്തനാര്‍ വികാരിയായിരുന്ന കാലത്താണ് (1663 വരെ) ഇപ്പോഴുള്ള ദൈവാലത്തിന് മുമ്പുണ്ടായിരുന്ന ദൈവാലയം നിര്‍മ്മിച്ചത്. 1954-60 കാലഘട്ടത്തിലാണ് പെരിയ ബഹു. ഫാ. തോമസ് മണക്കാട്ടിന്റെ നേതൃത്വത്തില്‍ ദൈവാലയത്തിന്റെ ഹൈക്കല ഭാഗം പുനര്‍നിര്‍മ്മിച്ചത്. പള്ളിയുടെ മദ്ബഹായും തെക്കും വടക്കുമുള്ള സങ്കീര്‍ത്തികളും മാണിക്കത്തനാര്‍ ഉപയോഗിച്ചിരുന്ന മുകളിലത്തെ മുറിയും പൂട്ടുമുറിയും (ഏഴുപൂട്ട്) അനുബന്ധ മുറികളും നിലനിര്‍ത്തിക്കൊണ്ടായിരുന്നു ഈ നിര്‍മ്മാണം.

 
 

നവീകരണവും വിപുലീകരണവും 

 
 
2016 നവംബര്‍ 20ന് ആഗോസഭയിലെ കരുണയുടെ വര്‍ഷാചരണ സമാപനത്തോടനുബന്ധിച്ച് ദൈവാലയ മുഖവാരത്തില്‍ കരുണയുടെ ഈശോയുടേതടക്കമുള്ള ഒന്‍പത് സ്ഫടിക ചിത്രങ്ങള്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനാച്ഛാദനം ചെയ്തു. 2017 ഒക്‌ടോബര്‍ 10 മുതല്‍ 2018 ജനുവരി 20 വരെയുള്ള അവിശ്വനീയമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹ്രസ്വകാലയളവുകൊണ്ടാണ് ഇപ്പോള്‍കാണുന്ന നിലയില്‍ ദൈവാലയത്തിന്റെ നവീകരണവും വിപുലീകരണവും പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ അടയാളമായ അത്ഭുത ഉറവയുടെ ദൃശ്യവല്‍ക്കരണവും നടത്തിയത്. ദൈവാലയത്തിന്റെ പൗരാണികത്വവും ദൈവോന്മുഖതയും കൂടുതല്‍ വെളിവാക്കാനുതകുന്ന പ്രവര്‍ത്തങ്ങളാണ് വികാരി വെരി. റവ.ഡോ. ജോസഫ് തടത്തിലിന്റെ നേതൃത്വത്തില്‍ യാഥാര്‍ത്ഥ്യമാക്കിയത്. ആഗോളതീര്‍ത്ഥാടന കേന്ദ്രമെന്ന നിലയില്‍ നാനാജാതി മതസ്ഥരായ ലക്ഷോപലക്ഷങ്ങളുടെ ആഗ്രഹസാഫല്യമാണ് ഇപ്പോഴത്തെ ദൈവാലയ നവീകരണവും വിപുലീകരണവും.

 
 

ദൈവാലയം പരമോന്നത പദവിയില്‍   

 
 
പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ദൈവാലയങ്ങളുടെ മാതൃദൈവാലയം-എത്താ എമ്മാ- ആണ് കുറവിലങ്ങാട്. കുറവിലങ്ങാടിന്റെ ചരിത്രവും പാരമ്പര്യവും തീര്‍ത്ഥാടക പ്രവാഹവും നിലവിലെ സജീവത്വവും കണക്കിലെടുത്ത് സീറോ മലബാര്‍ സഭാ സിനഡിന്റെ 2018 ജനുവരി എട്ടുമുതല്‍ 13 വരെ നടന്ന സമ്മേളനത്തില്‍ കുറവിലങ്ങാട് മര്‍ത്ത്മറിയം മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദൈവാലയമായി ഉയര്‍ത്താന്‍ തീരുമാനമായി. ഇതുസംബന്ധിച്ച പ്രഖ്യാപനം 2018 ജനുവരി 21ന് സഭയുടെ പിതാവും തലവനുമായ അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് കുറവിലങ്ങാട്ടെത്തി നടത്തി. ദൃശ്യവല്‍ക്കരിച്ച അത്ഭുത ഉറവയുടേയും നവീകരിക്കുകയും വിപുലീകരിക്കുകയും ചെയ്ത ദൈവാലയത്തിന്റേയും വെഞ്ചരിപ്പും അഭിവന്ദ്യ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസഫ് സ്രാമ്പിക്കല്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ എന്നിവര്‍ ചടങ്ങുകളില്‍ കാര്‍മികരായി.

 

കുറവിലങ്ങാട് വികാരി സഭയിലെ ആദ്യ ആര്‍ച്ച്പ്രീസ്റ്റ്

 

2018 മാര്‍ച്ച് 22ന് പാലാ കത്തീഡ്രലില്‍ മൂറോന്‍ കൂദാശയോട് ചേര്‍ന്ന് നടന്ന വൈദിക സംഗമത്തില്‍ അഭിവന്ദ്യ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട് കുറവിലങ്ങാട് വികാരിയെ ആര്‍ച്ച് പ്രീസ്റ്റായി പ്രഖ്യാപിച്ചു. ഇടവക വികാരിയ്ക്ക് ആര്‍ച്ച് പ്രീസ്റ്റ് പദവി ലഭിച്ചതോടെ ആഗോള സീറോ മലബാര്‍ സഭയില്‍ ആര്‍ച്ച്പ്രീസ്റ്റ് പദവിയുള്ള ആദ്യ വൈദിനായി കുറവിലങ്ങാട് പള്ളി വികാരി.  ആര്‍ച്ച് പ്രീസ്റ്റ് പദവി ഇടവകയുടെ അനന്യതാ പ്രഖ്യാപനവും സ്വത്വത്തെ തിരിച്ചറിയാനുള്ള പ്രക്രിയയുടെ ആരംഭവുമാണ്.

 
 

വിശുദ്ധ സെബാസ്ത്യനോസിന്റെ നാമത്തിലുള്ള ചെറിയ പള്ളി 

 
 മതസൗഹാര്‍ദ്ദത്തിന്റെ വിളനിലമായ കുറവിലങ്ങാട്ട് വിശുദ്ധ സെബാസ്ത്യനോസിന്റെ മാധ്യസ്ഥം തേടി നാനജാതിമതസ്ഥരായ നൂറുകണക്കിന് വിശ്വാസികളാണ്  ഓരോ ദിനവും ചെറിയപള്ളിയിലെത്തുന്നത്. വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുശേഷിപ്പ് ദൃശ്യമാംവിധം പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള തിരുസ്വരൂപത്തിങ്കല്‍ പ്രാര്‍ത്ഥിക്കാനാണ്  അനേകര്‍ ഇവിടെ എത്തുന്നത്. ചെറിയ പള്ളിയെന്ന് വിശ്വാസ സമൂഹം വിളിയ്ക്കുന്ന ഈ പള്ളിയാണ് ചാണ്ടി മെത്രാന്‍ തന്റെ സ്വകാര്യ പ്രാര്‍ത്ഥനാലയമായി ഉപയോഗിച്ചിരുന്നത്. ഈ ദൈവാലയത്തിലെ പച്ചിലക്കൂട്ട് ചിത്രങ്ങള്‍ പൗരാണികതയും കലാവൈദഗ്ധ്യവും വിളിച്ചറിയിക്കുന്നു. 

 

വി.യൗസേപ്പ് പിതാവിന്റെ നാമത്തിലുള്ള സിമിത്തേരി പള്ളി 

 
 
 1657ല്‍ കേരളത്തിലെത്തിയ ബിഷപ് മരിയ സെബസ്ത്യാനി നാലുമാസക്കാലം കുറവിലങ്ങാട്ടുപള്ളിയില്‍ താമസിക്കുന്നതിനിടയില്‍ മൂന്നാമതൊരു പള്ളിക്കൂടി പണിയാന്‍ അനുവാദം കൊടുത്തിരുന്നു. അത് നന്മരണ മദ്ധ്യസ്ഥനായ വി.യൗസേപ്പ് പിതാവിന്റെ നാമത്തില്‍ സിമിത്തേരിയുടെ മധ്യത്തില്‍ സ്ഥിതിചെയ്യുന്ന പള്ളിയാണ്. ഈ കാലഘട്ടത്തില്‍ പറമ്പില്‍ ചാണ്ടിക്കത്തനാരായിരുന്നു വികാരി. 

 
 കുറവിലങ്ങാട് ഇടവക
 
 
 
 ക്രൈസ്തവ ലോകത്തെതന്നെ ഏറ്റം പഴക്കമുള്ള ഇടവകയായി കുറവിലങ്ങാട് കണക്കാക്കപ്പെടുന്നു. എ.ഡി 105ല്‍ നിര്‍മ്മിതമായ കുറവിലങ്ങാട് പള്ളിയെ കേന്ദ്രീകരിച്ച് നിശ്ചിത അതിര്‍ത്തികളുടെ പരിധികളില്ലാതെ സ്വയം രൂപീകൃതമായ ആദ്യ ഇടവകയെന്ന് കുറവിലങ്ങാടിനെ വിശേഷിപ്പിക്കാം. അനേകം മൈലുകള്‍ സഞ്ചരിച്ചും തലേദിവസംതന്നെ യാത്രപുറപ്പെട്ടും അയല്‍നാടുകളില്‍ നിന്നുള്ളവര്‍പോലും    ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കും മറ്റ് തിരുകര്‍മ്മങ്ങള്‍ക്കായി ആദ്യനൂറ്റാണ്ടുകളില്‍ ഈ ദൈവാലയത്തില്‍ എത്തിയിരുന്നു. നീണ്ടതും ദുഷ്‌കരവുമായ യാത്രകള്‍ അന്നത്തെ വിശ്വാസികളുടെ തീക്ഷ്ണതയ്ക്ക് മുന്നില്‍ പ്രതിസന്ധികളായി ഭവിച്ചില്ലെങ്കിലും കാലക്രമേണ കൂടുതല്‍ സൗകര്യാര്‍ത്ഥം അകന്ന പ്രദേശങ്ങളിലുള്ളവര്‍ സ്വന്തമായി പള്ളികള്‍ സ്ഥാപിക്കുകയും ഇടവകകളായി തീരുകയും ചെയ്തു. നൂറ്റാണ്ടുകള്‍ പിന്നിട്ട്  സഹസ്രാബ്ദങ്ങള്‍ തന്നെ പിന്നിടുന്ന ഘട്ടത്തിലേയ്ക്ക് എത്തുന്നുവെങ്കിലും കുറവിലങ്ങാട് നിന്ന് നേരിട്ടോ അല്ലാതെയോ അസ്ഥിത്വം സ്വീകരിച്ച ഇടവകകളിലെ അംഗങ്ങള്‍ ഇന്നും കുറവിലങ്ങാടുമായി വലിയൊരു വൈകാരിക ബന്ധം പുലര്‍ത്തുന്നുണ്ട്. ഇവിടെ നിന്ന് ഇടവക തിരിഞ്ഞവരും കുടിയേറിയവരുമായ ആളുകളുടെ പിന്‍തലമുറക്കാര്‍ മൂന്ന് നോമ്പ്, എട്ടുനോമ്പ് തിരുനാളുകളിലും പത്താം തിയതി തിരുനാളിലും കുറവിലങ്ങാട് കൂട്ടമായി എത്തുന്നത് നമുക്കിന്ന് നേരില്‍ കാണാനാകും. ആദ്യ സഹസ്രാബ്ദത്തിന്റെ ഉത്തരാര്‍ദ്ധം മുതല്‍ ഇവിടെ നിന്നും  സ്വതന്ത്രമായ ഇടവകകളുടെ ചരിത്രം നമുക്ക് അറിയാമെങ്കിലും അതിന് മുന്‍പ് ഇടവക തിരിഞ്ഞവയുടെ ചരിത്രം കൃത്യമായി ലഭ്യമാക്കുക എളുപ്പമല്ലെങ്കിലും അനേകം തലമുറകള്‍ പിന്നിട്ടിട്ടും തങ്ങള്‍ കുറവിലങ്ങാട് ഇടവകയില്‍പ്പെട്ടവരായിരുന്നു ഒരുകാലത്ത് എന്ന് പറയുവാന്‍ അഭിമാനമുള്ള അനേകായിരങ്ങളെ നമുക്ക് കാണാനാകും.