prayer muthiyamma

  • Home     >
  • prayer muthiyamma

Prayer Muthiyamma

Prayer Muthiyamma

കുറവിലങ്ങാട് മുത്തിയമ്മയുടെ നൊവേന 

പ്രാരംഭഗാനം
 
കുറവിലങ്ങാട്ടു മുത്തിയമ്മേ
കുറവേതുമില്ലാതെ കാക്കുമമ്മേ (2)
അന്‍പുള്ളോരമ്മേ, മുക്തിദായേ
അഭയം തേടി വരുന്നു ഞങ്ങള്‍ (2)
മുത്തിയമ്മേ മുത്തിയമ്മേ
ആശ്രിതവത്സലതായേ നീ (4)
നന്മ നിറഞ്ഞൊരു കന്യകയേ
നല്‍വരമേകും വിണ്‍പ്രഭയേ (2)
നന്ദി പറഞ്ഞു നമിക്കുന്നു
നിന്‍സ്തുതി പാടി വണങ്ങുന്നു. (2)
(മുത്തിയമ്മേ....)
പാവന ചരിതേ, ജഗദ്ജനനീ
പാപികള്‍ക്കെല്ലാം ആശ്രയമേ
അര്‍ത്ഥന ഈശനു സന്നിധിയില്‍
അര്‍പ്പിക്കാന്‍ അമ്മ കൃപയാകണേ
(മുത്തിയമ്മേ....)
 
 
വൈദികന്‍ : അമലോത്ഭവയും നന്മനിറഞ്ഞവളും കറപുരണ്ട ഞങ്ങളുടെ മനുഷ്യ പ്രകൃതിയുടെ ഏകാഭിമാനവുമായ കന്യകാമറിയമേ, കുറവിലങ്ങാട്ടു മുത്തിയമ്മേ, നീ ഞങ്ങളുടെ അമ്മയും അഭയസ്ഥാനവുമാകുന്നു.
 
ജനങ്ങള്‍ : ഞങ്ങളുടെ മുത്തിയമ്മേ, ഞങ്ങള്‍ അങ്ങേ സന്നിധിയില്‍ അണഞ്ഞിരിക്കുന്നു.  അങ്ങേ കൃപയുള്ള തൃക്കണ്ണുകളെ / ഞങ്ങളുടെ മേല്‍ തിരിക്കണമെ.  പരിശുദ്ധ കന്യകാമറിയമേ / ഞങ്ങള്‍ അങ്ങയെ സ്‌നേഹിക്കുന്നു.  നിരന്തരം അങ്ങേയ്ക്ക് ശുശ്രൂഷ ചെയ്തുകൊണ്ടും / ഞങ്ങളുടെ ശക്തിക്കനുസൃതമായി/ മറ്റുള്ളവരെ അങ്ങേ സന്നിധിയിലേക്കാനയിച്ചുകൊണ്ടും / അങ്ങയുടെ നേര്‍ക്കുള്ള സ്‌നേഹം/ പ്രകടിപ്പിച്ചുകൊള്ളാമെന്ന് ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
 
വൈദി: ദൈവസന്നിധിയില്‍ ഏറെ മദ്ധ്യസ്ഥശക്തിയുള്ള കുറവിലങ്ങാട്ടു മുത്തിയമ്മേ, ഞങ്ങളുടെ അപേക്ഷകളൊക്കെയും നീ സാധിച്ചു തരണമെ.
 
ജന: പ്രലോഭനങ്ങളില്‍ വിജയം വരിക്കുന്നതിന് ശക്തിയും / ദൈവത്തോടു പരിപൂര്‍ണ്ണമായ സ്‌നേഹവും / നന്മരണവും വഴി/അങ്ങയോടും അങ്ങേ തിരുക്കുമാരനോടും കൂടെ/ നിത്യമായി ജീവിക്കുന്നതിനു ഞങ്ങള്‍ക്കിടയാക്കണമെ.
 
വൈദി : മിശിഹാ കര്‍ത്താവേ, അങ്ങേ മാതാവായ കന്യകാമറിയത്തിന്റെ അപേക്ഷയാല്‍ കാനായില്‍ വച്ച് അങ്ങ് വെള്ളം വീഞ്ഞാക്കിയല്ലോ. കാല്‍വരിയില്‍ വച്ച് അങ്ങ് ഞങ്ങള്‍ക്കു അമ്മയായി തന്നവളും, തന്റെ മഹത്വമേറിയ സ്വര്‍ഗ്ഗാരോപണത്തിനുശേഷം ഭൂമിയില്‍ ആദ്യമായി കുറവിലങ്ങാട്ടു മുത്തിയമ്മയുടെ രൂപത്തില്‍ പ്രത്യക്ഷയായി ഈ വിശുദ്ധ ദേവാലയത്തിനു സ്ഥാനം നിശ്ചയിച്ചുനല്‍കുകയും അനുഗ്രഹവര്‍ഷത്താല്‍ ഇവിടെ നിറസാന്നിദ്ധ്യമായിരിക്കുകയും ചെയ്യുന്ന ഈ കന്യകയെ വണങ്ങുന്നതിന് ഇവിടെ സമ്മേളിച്ചിരിക്കുന്ന അങ്ങേ ജനത്തെ അനുഗ്രഹിക്കണമെ. ഞങ്ങളുടെ യാചനകളൊക്കെയും അങ്ങേ ദിവ്യമാതാവിന്റെ മാദ്ധ്യസ്ഥം വഴി ഞങ്ങള്‍ക്കു സാധിച്ചു തരുകയും അങ്ങേ സ്‌നേഹത്തിലേക്ക് കൂടുതല്‍ അടുക്കുന്നതിന് ഞങ്ങള്‍ യോഗ്യരാവുകയും ചെയ്യട്ടെ.
 
ജന: പരി. കന്യകാമറിയമേ / കുറവിലങ്ങാട്ടു മുത്തിയമ്മേ / അങ്ങയുടെ ശക്തിയേറിയ തിരുനാമം/ ഞങ്ങള്‍ വിളിച്ചപേക്ഷിക്കുന്നു. അങ്ങ് ജീവിക്കുന്നവരെ പരിപാലിക്കുന്നവളും മരിക്കുന്നവരെ/  രക്ഷിക്കുന്നവളുമാകുന്നു. അങ്ങേ നാമം എപ്പോഴും / പ്രത്യേകിച്ചു പരീക്ഷകളിലും മരണ സമയത്തും/ ഞങ്ങളുടെ അധരങ്ങളിലുണ്ടായിരിക്കും.  അങ്ങയുടെ നാമം ഞങ്ങള്‍ക്ക്/ ശക്തിയും ശരണവുമാകുന്നു.  അനുഗ്രഹീതയായ മാതാവേ ഞങ്ങള്‍ വിളിക്കുമ്പോഴൊക്കെയും / ഞങ്ങളെ സഹായിക്കണമെ.  അങ്ങയുടെ നാമം ഉച്ചരിക്കുന്നതു കൊണ്ടുമാത്രം/ ഞങ്ങള്‍ തൃപ്തരാകുകയില്ല അങ്ങ് യഥാര്‍ത്ഥത്തില്‍ ഞങ്ങളുടെ മാതാവാകുന്നുവെന്ന് / അനുദിന ജീവിതത്തില്‍/ ഞങ്ങള്‍ പ്രഖ്യാപനം ചെയ്യുന്നതാണ്.
 
വൈദി:  ഭൗതികാവശ്യങ്ങള്‍ക്കായി  നമുക്കു പ്രാര്‍ത്ഥിക്കാം.
 
ജന: പരി. കന്യകാമറിയമെ / കുറവിലങ്ങാട്ടു മുത്തിയമ്മേ /ഏറ്റവും വലിയ ശരണത്തോടെ / ഞങ്ങളങ്ങെ വണങ്ങുന്നു./ ഞങ്ങളുടെ ജീവിതത്തിലെ ബുദ്ധിമുട്ടുകളില്‍ / അങ്ങേ സഹായം ഞങ്ങളപേക്ഷിക്കുന്നു.    പരീക്ഷകളും  ദുരിതങ്ങളും / ഞങ്ങളെ ക്ലേശിതരാക്കുന്നു/ പ്രതികൂല സാഹചര്യങ്ങളും / വേദനാജനകമായ രോഗങ്ങളും / ഞങ്ങളുടെ ജീവിതത്തെ ദുഃഖപൂര്‍ണ്ണമാക്കുന്നു.  എല്ലായിടത്തും  ഞങ്ങള്‍ / കുരിശിനെയാണ് 
നേരിടുന്നത്.  കരുണാസമ്പന്നയായ മാതാവേ/ ഞങ്ങളില്‍ കനിയണമേ. ഞങ്ങളുടെ സങ്കടങ്ങളില്‍ നിന്ന്/ഞങ്ങളെ മോചിപ്പിക്കണമെ.  തുടര്‍ന്നു സഹിക്കുവാനാണ് ദൈവതിരുമനസ്സെങ്കില്‍ / അവ സന്തോഷത്തോടും ക്ഷമയോടും കൂടി സ്വീകരിക്കുവാന്‍/ ഞങ്ങളെ ശക്തരാക്കണമെ. ഓ, കുറവിലങ്ങാട്ടു മുത്തിയമ്മേ/ ഈ വരങ്ങളൊക്കെയും/അങ്ങയുടെ സ്‌നേഹത്തിലും ശക്തിയിലും/ ശരണം വച്ചുകൊണ്ട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

എത്രയും ദയയുള്ള കന്യാമറിയമെ!
അണയുന്നു നിന്‍ മുന്‍പില്‍ ഞങ്ങള്‍
നിന്നോടു യാചിക്കും നിന്‍മക്കളാരേയും
കൈ വെടിയാത്തോരമ്മേ!
കനിവുള്ള കന്നിയമ്മേ
(എത്രയും ദയയുള്ള..)
 
കന്യകമാരുടെ രാജ്ഞിയാം കന്യകേ!
ദയയുള്ള മാതാവേ!
നിന്നില്‍ വിശ്വാസങ്ങളര്‍പ്പിക്കും മക്കളെ
കാത്തുകൊള്ളേണമമ്മേ (2)
(എത്രയും ദയയുള്ള...)
 
അണയുന്നു പാപികള്‍ കണ്ണീര്‍ക്കണങ്ങളാല്‍
അവിടുത്തെ പാദാന്തികത്തില്‍
അഴലുകള്‍ നീക്കിയീ പാപികള്‍ ഞങ്ങള്‍ക്കു
നല്‍കൂ നീ നല്‍വരങ്ങള്‍
നല്‍കണേ നല്‍വരങ്ങള്‍
(എത്രയും ദയയുള്ള...)
 
വിശുദ്ധ ഗ്രന്ഥവായന
 
വൈദി: നമുക്കു പ്രാര്‍ത്ഥിക്കാം ഞങ്ങളുടെ പരിശുദ്ധപിതാവ് (പേര്) മാര്‍പ്പാപ്പായ്ക്കും ഞങ്ങളുടെ മെത്രാന്മാര്‍ക്കും, വൈദികര്‍ക്കും, ഞങ്ങളുടെ എല്ലാ നേതാക്കന്മാര്‍ക്കും ജനങ്ങള്‍ക്കും വിജ്ഞാനവും വിവേകവും നല്‍കണമെ.
ജന: കര്‍ത്താവേ / അങ്ങേ മാതാവായ മറിയം വഴി /ഞങ്ങളുടെ /പ്രാര്‍ത്ഥന കേള്‍ക്കണമെ.
 
വൈദി : എല്ലാ മനുഷ്യരും സമാധാനത്തിലും പരസ്പര സ്‌നേഹത്തിലും സഹോദരങ്ങളെപ്പോലെ ജീവിക്കുന്നതിനുള്ള അനുഗ്രഹം നല്‍കണമെ.
ജന: കര്‍ത്താവേ / അങ്ങേ മാതാവായ മറിയം വഴി /ഞങ്ങളുടെ /പ്രാര്‍ത്ഥന കേള്‍ക്കണമെ.
 
വൈദി: എല്ലാ മനുഷ്യരും അങ്ങേ ദിവ്യപ്രകാശം ദര്‍ശിക്കുന്നതിനും അങ്ങേ സ്‌നേഹതീക്ഷ്ണത അനുഭവിക്കുന്നതിനും അനുഗ്രഹം നല്‍കണമെ.
ജന: കര്‍ത്താവേ / അങ്ങേ മാതാവായ മറിയം വഴി /ഞങ്ങളുടെ /പ്രാര്‍ത്ഥന കേള്‍ക്കണമെ.
 
വൈദി: ഞങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന ക്രൈസ്തവ വിശ്വാസത്തിന്റെ മാഹാത്മ്യം മനസ്സിലാക്കുന്നതിനും ഞങ്ങളുടെ ജീവിതത്തിലൂടെ അങ്ങേ സ്‌നേഹത്തിനു സാക്ഷ്യം വഹിക്കുന്നതിനും അനുഗ്രഹം നല്‍കണമെ.
ജന: കര്‍ത്താവേ / അങ്ങേ മാതാവായ മറിയം വഴി /ഞങ്ങളുടെ /പ്രാര്‍ത്ഥന കേള്‍ക്കണമെ.
 
വൈദി: ഈ നൊവേനയില്‍ സംബന്ധിക്കുന്ന ബാലികാബാലന്മാര്‍ക്കും യുവതീയുവാക്കള്‍ക്കും ആത്മശരീരശുദ്ധത പാലിക്കുവാനും പരിശുദ്ധാരൂപിയുടെ തുണയില്‍ തങ്ങളുടെ ജീവിതാന്തസ്സ് യോഗ്യമായ വിധം തിരഞ്ഞെടുക്കുവാനും അനുഗ്രഹം നല്‍കേണമെ.
ജന: കര്‍ത്താവേ / അങ്ങേ മാതാവായ മറിയം വഴി /ഞങ്ങളുടെ /പ്രാര്‍ത്ഥന കേള്‍ക്കണമെ.
 
വൈദി: ഈ നൊവേനയില്‍ സംബന്ധിക്കുന്ന എല്ലാവരും അങ്ങേ തിരുമനസ്സിനൊത്തവണ്ണം ജീവിതാവസ്ഥക്കടുത്ത കടമകള്‍ ശരിയായി നിര്‍വ്വഹിക്കുന്നതിനും രോഗികള്‍ തങ്ങളുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനും അനുഗ്രഹം നല്‍കേണമെ.
ജന: കര്‍ത്താവേ / അങ്ങേ മാതാവായ മറിയം വഴി /ഞങ്ങളുടെ /പ്രാര്‍ത്ഥന കേള്‍ക്കണമെ.
 
വൈദി: ഞങ്ങളുടെ ഇടയില്‍നിന്നും  വേര്‍പിരിഞ്ഞുപോയ എല്ലാ വിശ്വാസികളുടെയും ആത്മാക്കള്‍ക്ക് നിത്യ വിശ്രമം നല്‍കണമെ.
ജന: കര്‍ത്താവേ / അങ്ങേ മാതാവായ മറിയം വഴി /ഞങ്ങളുടെ /പ്രാര്‍ത്ഥന കേള്‍ക്കണമെ.
 
വൈദി: ഈ നൊവേനയില്‍ സംബന്ധിക്കുന്നതിന് ഇവിടെ സന്നിഹിതരായിരിക്കുന്ന എല്ലാവരുടെയും പ്രത്യേക നിയോഗങ്ങള്‍ സാധിച്ചു തരണമെ.
ജന: കര്‍ത്താവേ / അങ്ങേ മാതാവായ മറിയം വഴി /ഞങ്ങളുടെ /പ്രാര്‍ത്ഥന കേള്‍ക്കണമെ.
 
വൈദി: നിശബ്ദരായി നമ്മുടെ വ്യക്തിപരമായ അര്‍ത്ഥനകള്‍ മുത്തിയമ്മയുടെ മദ്ധ്യസ്ഥത്തിനായി സമര്‍പ്പിക്കാം. (മൗനപ്രാര്‍ത്ഥന)
 
രോഗികള്‍ക്ക് ആശീര്‍വാദം

വൈദി: വേദനിക്കുന്ന സഹോദരങ്ങള്‍ക്കു വേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം.
 
ജന: കര്‍ത്താവേ / രോഗങ്ങള്‍മൂലം ക്ലേശിക്കുന്ന / അങ്ങേ ദാസരെ തൃക്കണ്‍പാര്‍ക്കണമെ, അങ്ങയെപ്രതി സഹിക്കുവാന്‍ / ഞങ്ങള്‍ക്കു ശക്തിയും ധൈര്യവും നല്‍കണമെ. രക്ഷാകരമായ സഹനം വഴി ഞങ്ങള്‍ വിശുദ്ധീകരിക്കപ്പെടുകയും/അങ്ങയുടെ കാരുണ്യത്താല്‍ വേഗം സുഖം പ്രാപിക്കുകയും ചെയ്യട്ടെ. ഈ യാചനകളൊക്കെയും/ അങ്ങേ മാതാവിന്റെ ശക്തിയുള്ള മാദ്ധ്യസ്ഥം വഴി / ഞങ്ങള്‍ക്കു തന്നരുളേണമെ. ആമ്മേന്‍.
 
വൈദി: (ജനങ്ങളുടെ നേരെ കൈ നീട്ടിപ്പിടിച്ചുകൊണ്ട്) നിങ്ങളെ സംരക്ഷിക്കുവാന്‍, കര്‍ത്താവീശോമിശിഹാ നിങ്ങളോടുകൂടെയുണ്ടായിരിക്കട്ടെ.
നിങ്ങളെ പരിപാലിക്കുവാന്‍ അവിടുന്നു നിങ്ങളില്‍ വസിക്കട്ടെ.  നിങ്ങളെ നേര്‍വഴിക്കു നയിക്കുവാന്‍ നിങ്ങളുടെ മുമ്പിലും ആപത്തുകളില്‍ നിന്നു രക്ഷിക്കുവാന്‍ നിങ്ങളുടെ പിമ്പിലും സദാ അനുഗ്രഹിക്കുവാന്‍ നിങ്ങളുടെ മുകളിലും ഉണ്ടായിരിക്കട്ടെ. കനിവിന്റെ വലംകൈ നീട്ടി അവിടുന്നു നിങ്ങളെ രോഗങ്ങളില്‍ നിന്നും സുഖപ്പെടുത്തട്ടെ.  ഇപ്പോഴും … എപ്പോഴും.... എന്നേയ്ക്കും 
ജന: ആമ്മേന്‍.
 
ഗാനം
 
സ്വസ്തിതേ രാജ്ഞി! കനിവിന്റെയമ്മേ
ജീവന്‍ മാധുര്യമാശയേ
ഹാവാതന്നുടെ ബഹിഷ്‌കൃത സുതര്‍
താവകപക്കല്‍ കേഴുന്നു.
കണ്ണീരിന്നുടെ താഴ്‌വരതന്നില്‍
വിങ്ങിപ്പൊട്ടി വിളിക്കുന്നു.
കാരുണ്യമുള്ള കണ്ണുകള്‍കൊണ്ടു
നോക്കുക അമ്മേ, ഞങ്ങളെ
ഇപ്രവാസത്തിന്‍ ശേഷം കാട്ടണേ
നിന്‍പ്രിയപുത്രനീശോയെ
വാത്സല്യം കൃപ, മാധുരിയാലെ
ലാലസിക്കുന്ന കന്യകേ.
 
കൃതജ്ഞതാ പ്രാര്‍ത്ഥന

വൈദി: ഞങ്ങളുടെ  കര്‍ത്താവായ ദൈവമേ, അങ്ങു ഞങ്ങള്‍ക്കു ചെയ്തിട്ടുള്ള എല്ലാ സഹായങ്ങള്‍ക്കും അനുഗ്രഹങ്ങള്‍ക്കും പ്രതിനന്ദി പ്രകാശിപ്പിക്കുവാന്‍ ഞങ്ങള്‍ അശക്തരാകുന്നു.  അതിനാല്‍ അങ്ങേ മാതാവും പരിശുദ്ധയും ഭാഗ്യവതിയുമായ കന്യകാമറിയം വഴി ഞങ്ങളുടെ കൃതജ്ഞത അങ്ങ് സ്വീകരിക്കണമെ.
ജന: കര്‍ത്താവേ / ഞങ്ങളുടെ മാതാവായ മറിയം വഴി / അങ്ങേയ്ക്കു ഞങ്ങള്‍ നന്ദി പറയുന്നു.
 
വൈദി: വിശ്വാസത്തിന്റെ വെള്ളി വെളിച്ചവും പ്രസാദവരത്തിന്റെ നവജീവിതവും ഞങ്ങള്‍ക്കു നല്‍കിയതിനെക്കുറിച്ച്
ജന: കര്‍ത്താവേ / ഞങ്ങളുടെ മാതാവായ മറിയം വഴി / അങ്ങേയ്ക്കു ഞങ്ങള്‍ നന്ദി പറയുന്നു.
 
വൈദി: സഭയുടെ കൗദാശിക ജീവിതത്തില്‍ നിന്നു ഞങ്ങള്‍ സ്വീകരിച്ചിരിക്കുന്ന എല്ലാ നന്മകളേയും കുറിച്ച്
ജന: കര്‍ത്താവേ / ഞങ്ങളുടെ മാതാവായ മറിയം വഴി / അങ്ങേയ്ക്കു ഞങ്ങള്‍ നന്ദി പറയുന്നു.
 
വൈദി: ഞങ്ങള്‍ക്കോരോരുത്തര്‍ക്കും നല്‍കിയിരിക്കുന്ന ആദ്ധ്യാത്മികവും ഭൗതികവുമായ എല്ലാ അനുഗ്രഹങ്ങളേയും കുറിച്ച്,
ജന: കര്‍ത്താവേ / ഞങ്ങളുടെ മാതാവായ മറിയം വഴി / അങ്ങേയ്ക്കു ഞങ്ങള്‍ നന്ദി പറയുന്നു.
 
വൈദി: ഞങ്ങളുടെ അമ്മയും മദ്ധ്യസ്ഥയുമായി അങ്ങേ ദിവ്യമാതാവിനെത്തന്നെ നല്‍കിയതിനെക്കുറിച്ച്,
ജന: കര്‍ത്താവേ / ഞങ്ങളുടെ മാതാവായ മറിയം വഴി / അങ്ങേയ്ക്കു ഞങ്ങള്‍ നന്ദി പറയുന്നു.
 
വൈദി: മുത്തിയമ്മ വഴി നമുക്കു ലഭിച്ച എല്ലാ അനുഗ്രഹങ്ങള്‍ക്കും വേണ്ടി കൃതജ്ഞത യര്‍പ്പിക്കാം. (മൗനപ്രാര്‍ത്ഥന)
 
മരിയസ്തുതി
 
വൈദി: ''ഇതാ! എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്ന് പ്രകീര്‍ത്തിക്കും'' എന്നു പ്രവചിച്ച കന്യകാമറിയത്തെ മാലാഖയോടും എലിസബത്തിനോടും ചേര്‍ന്നുകൊണ്ട് നമുക്കും സ്തുതിക്കാം.  നന്മ നിറഞ്ഞ മറിയമേ സ്വസ്തി.
 
ജന: കര്‍ത്താവ് അങ്ങയോടുകൂടെ/ സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു.  അങ്ങയുടെ ഉദരത്തിന്‍ ഫലമായ ഈശോ/ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.  പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ/ പാപികളായ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമെ. ആമ്മേന്‍.
 
വൈദി: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍,
ജന: സര്‍വ്വേശ്വരന്റെ പരിശുദ്ധ മാതാവെ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ.
 
വൈദി: നമുക്കു പ്രാര്‍ത്ഥിക്കാം.....
പരിശുദ്ധ അമ്മേ, കുറവിലങ്ങാട്ടു മുത്തിയമ്മേ, മനുഷ്യകുലം മുഴുവന്റെയും മദ്ധ്യസ്ഥയും സംരക്ഷകയുമായ അങ്ങയെ ഞങ്ങള്‍ വണങ്ങുകയും അങ്ങേയ്ക്ക് ഞങ്ങള്‍ കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്യുന്നു.  പൈദാഹത്താല്‍ ക്ഷീണിച്ച പൈതങ്ങള്‍ക്ക് പ്രത്യക്ഷപ്പെട്ട് നീരുറവ തെളിച്ചുകൊടുക്കുകയും ദൈവാലയം സ്ഥാപിക്കണമെന്ന് അവശ്യപ്പെടുകയും ചെയ്ത അങ്ങയുടെ നാമത്തില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഈ ദൈവാലയത്തില്‍ അഭയം തേടിയെത്തുന്നവര്‍ക്ക് പരി. ത്രിത്വത്തിന്റെ അനുഗ്രഹം അനുസ്യൂതം വര്‍ഷിച്ചുകൊണ്ടിരിക്കുന്ന അങ്ങയുടെ ശക്തിയേറിയ തിരുനാമം ഞങ്ങള്‍ വിളിച്ചപേക്ഷിക്കുന്നു. ശാരീരിക മാനസിക ക്ലേശങ്ങളനുഭവിക്കുന്ന ഞങ്ങള്‍ക്ക് അങ്ങയുടെ കടാക്ഷം അനുഗ്രഹവും അങ്ങയുടെ നീര്‍ച്ചാല്‍ ആശ്വാസവുമാണ്. അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്ത അമ്മേ, കാനായിലെ ഭവനത്തില്‍ അങ്ങയുടെ സാമീപ്യം സാന്ത്വനമായതുപോലെ അങ്ങയുടെ  മാദ്ധ്യസ്ഥം തേടുന്ന ഞങ്ങളുടെ കുടുംബങ്ങളില്‍ അങ്ങയുടെ സാന്നിദ്ധ്യം ശാന്തിദായകമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.  കരുണാസമ്പന്നയായ മുത്തിയമ്മേ, ഏറ്റവും വലിയ ശരണത്തോടെ അങ്ങയുടെ സന്നിധിയിലണയുന്ന ഞങ്ങളെ എല്ലാ ആപത്തുകളില്‍നിന്നും പൈശാചിക ഉപദ്രവങ്ങളില്‍ നിന്നും പ്രലോഭനങ്ങളില്‍നിന്നും തകര്‍ച്ചകളില്‍നിന്നും രോഗപീഢകളില്‍നിന്നും വിശ്വാസപ്രതിസന്ധികളില്‍നിന്നും കാത്തുരക്ഷിക്കണമെ.  നന്മ നേരുന്ന അമ്മേ, ഞങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളും പ്രത്യേകിച്ച് ഞങ്ങള്‍ സമര്‍പ്പിക്കുന്ന നിയോഗങ്ങളും അങ്ങേ തിരുക്കുമാരനായ ഈശോയ്ക്ക് കാഴ്ചവച്ച് ഞങ്ങള്‍ക്ക് സാധിച്ചുതരണമേ.   ഇപ്പോഴും … എപ്പോഴും എന്നേക്കും.
ജന: ആമ്മേന്‍..
 
മേരീസ്തവം
 
മാലാഖാ ഗബ്രിയേല്‍ മേരിയെ വാഴ്ത്തി
ആലപിച്ചീടു നാം സാമോദം സ്‌തോത്രം
സ്‌തോത്രം, സ്‌തോത്രം, സ്‌തോത്രം മാതാവേ
സ്‌തോത്രം, സ്‌തോത്രം, സ്‌തോത്രം മാതാവേ
ഏലീശ്വാ കീര്‍ത്തിച്ച കന്യാംബികയ്ക്ക്
ഏവരും പാടേണം മോഹനഗാനം
സ്‌തോത്രം, സ്‌തോത്രം, സ്‌തോത്രം മാതാവേ
സ്‌തോത്രം, സ്‌തോത്രം, സ്‌തോത്രം മാതാവേ
മേരി മനോഹരീ നിര്‍മ്മലറാണി
നേര്‍വഴി കാട്ടി നീ സ്‌നേഹാല്‍ നയിക്കൂ
സ്‌തോത്രം, സ്‌തോത്രം, സ്‌തോത്രം മാതാവേ
സ്‌തോത്രം, സ്‌തോത്രം, സ്‌തോത്രം മാതാവേ
 
വി. കുര്‍ബാനയുടെ ആശീര്‍വ്വാദം
 
മിശിഹാ കര്‍ത്താവേ
മാനവ രക്ഷകനേ,
നരനു വിമോചനമേകിടുവാന്‍
നരനായ് വന്നു പിറന്നവനെ
മാലാഖമാരൊത്തു ഞങ്ങള്‍
പാടിപ്പുകഴ്ത്തുന്നു നിന്നെ
പരിശുദ്ധന്‍ പരിശുദ്ധന്‍
കര്‍ത്താവേ, നീ പരിശുദ്ധന്‍ (മിശിഹാ...)
 
2. സ്വര്‍ഗ്ഗത്തില്‍ നിന്നാഗതമാം
ജീവന്‍ നല്‍കുമൊരപ്പം നീ
മര്‍ത്യനു മുക്തി പകര്‍ന്നരുളും
നിത്യമഹോന്നതമപ്പം നീ
മാനവരേ, മോദമോടെ
നാഥനെ വാഴ്ത്തിപ്പാടിടുവിന്‍,
ദൈവത്തിന്‍ പരിപാവനമാം
സന്നിധി ചേര്‍ന്നു വണങ്ങിടുവിന്‍ (2)
സ്വര്‍ഗ്ഗത്തില്‍....
ദിവ്യശരീരം മാനവനായ്
നല്‍കിയ നാഥനെ വാഴ്ത്തിടുവിന്‍
ദിവ്യനിണത്താല്‍ പാപികളെ
നേടിയനാഥനെ വാഴ്ത്തിടുവിന്‍ (2)
സ്വര്‍ഗ്ഗത്തില്‍......
 
3. പുരോ: പരിശുദ്ധ ശരീരത്താലും,
വിലയേറിയ രക്തത്താലും
പാപത്തിന്‍ കറകളില്‍ നിന്നും
മര്‍ത്യനു നീ മോചനമേകി.
സമൂ: സകലേശാ ദിവ്യ കടാക്ഷം
തൂകണമേ വല്‍സല സുതരില്‍,
നിര്‍മ്മലരായ് ജീവിച്ചിടുവാന്‍
ചിന്തണമേ ദിവ്യവരങ്ങള്‍
 
4. ദൈവത്തെ വാഴ്ത്തിടുവിന്‍
ദൈവനാമം വാഴ്ത്തിടുവിന്‍
ദൈവവും മനുജനുമാം
മിശിഹാനാഥനെ വാഴ്ത്തിടുവിന്‍
മിശിഹാതന്‍ പൂജിതമാം 
തിരുനാമം വാഴ്ത്തിടുവിന്‍
സ്‌നേഹത്തിന്നുറവിടമാം
തിരുഹൃദയം വാഴ്ത്തിടുവിന്‍
പീഠത്തില്‍ വാണരുളും
മിശിഹായെ വാഴ്ത്തിടുവിന്‍
രക്ഷകനാം മിശിഹാതന്‍
ദിവ്യനിണം വാഴ്ത്തിടുവിന്‍
വരനിരയാലൊളി വിതറും
ദൈവാത്മാവിനെ വാഴ്ത്തിടുവിന്‍
ദൈവത്തിന്‍ മാതാവാം
കന്യാമേരിയെ വാഴ്ത്തിടുവിന്‍
മറിയത്തിന്‍ നിര്‍മ്മലമാം
ഉത്ഭവം വാഴ്ത്തിടുവിന്‍
സ്വര്‍ഗ്ഗാരോപിത മാതാവിന്‍
തിരുനാമം വാഴ്ത്തിടുവിന്‍
നിര്‍മ്മലയാം കന്യകതന്‍
വല്ലഭനെ വാഴ്ത്തിടുവിന്‍
സിദ്ധരിലും ദൂതരിലും
ദൈവത്തെ വാഴ്ത്തിടുവിന്‍  (ദൈവത്തെ...)