Festivals

  • Home     >
  • Festivals

Festivals

Festivals

ഇടവകയിലെ തിരുനാളുകള്‍ 

 
മൂന്നുനോമ്പ് തിരുനാള്‍
കുറവിലങ്ങാട് പള്ളിയിലെ ഏറ്റവും പ്രധാന തിരുനാളാണ് മൂന്നുനോമ്പ്. യോനാ പ്രവാചകന്റെ മാനസാന്തരത്തിന്റെ ഓര്‍മ്മയുണര്‍ത്തുന്നതാണ് ഈ തിരുനാള്‍. 'നിനവേക്കാരുടെ യാചന' എന്നും അറിയപ്പെടുന്ന ഈ നോമ്പ്  6ാം നൂറ്റാണ്ടുമുതല്‍ പൗരസ്ത്യ സുറിയാനി സഭയില്‍ പ്രചാരത്തിലുണ്ട്. മാര്‍ത്തോമ്മാ നസ്രാണികളും പരമ്പരാഗതമായി ഈ നോമ്പ് ആചരിച്ചിരുന്നതായി ആര്‍ച്ച് ബിഷപ് ഫ്രാന്‍സിസ് റോസ് 1612-ല്‍ എഴുതിയ കത്ത് സാക്ഷിക്കുന്നു.  ഫ്രെബുവരി 2-ാം തീയതിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ ശുദ്ധീകരണ തിരുനാളും മൂന്നുനോമ്പു തിരുനാളിനേട് അനുബന്ധിച്ചാണ് കുറവിലങ്ങാട്ട് കൊണ്ടാടുന്നത്.  നോമ്പും ആഘോഷവും ഇങ്ങനെ സമാഗമിക്കുന്നു. 
പണ്ടുകാലത്ത് മൂന്നുദിവസം കുടില്‍ കെട്ടി ദേവാലയത്തിന് ചുറ്റും താമസിച്ച് തിരുനാളിലും നോമ്പിലും പങ്കെടുക്കുന്ന പാരമ്പര്യമുണ്ടായിരുന്നു. ഇന്നും നാനാജാതി മതസ്ഥരായ അനേകം പേര്‍ ദൂരദേശത്തുനിന്നുപോലും ഈ ദിനങ്ങളില്‍ ഇവിടെയെത്തി താമസിച്ച് മൂന്നു ദിവസത്തെയും തിരുകര്‍മ്മങ്ങളില്‍  പങ്കെടുക്കുന്നു.  വലിയനോമ്പിന് 18 ദിവസം മുന്‍പുള്ള തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് മൂന്നുനോമ്പ് തിരുനാള്‍.

കപ്പല്‍ പ്രദക്ഷിണം
മൂന്നുനോമ്പിന്റെ ചൊവ്വാഴ്ചയാണ് ലോകപ്രശസ്തമായ കപ്പല്‍ പ്രദക്ഷിണം. ദൈവത്തിന്റെ വാക്ക് ധിക്കരിച്ചുള്ള യോനാപ്രവാചകന്റെ കപ്പല്‍ യാത്രയും കടല്‍ക്ഷോഭവും തുടര്‍ന്ന് യോനായെ കടലില്‍ എറിയുന്നതും കടല്‍ ശാന്തമാകുന്നതുമാണ് കപ്പല്‍ പ്രദക്ഷിണത്തില്‍ ദൃശ്യവത്കരിക്കുന്നത്. 

പരമ്പരാഗതമായി കടപ്പൂര്‍ നിവാസികളാണ് പ്രദക്ഷിണത്തിനായി കപ്പല്‍ എടുക്കുന്നത്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് കപ്പല്‍ വ്യാപാരത്തിലേര്‍പ്പെട്ടിരുന്ന കടപ്പൂര്‍ നിവാസികള്‍ സഞ്ചരിച്ച കപ്പല്‍ ഒരിക്കല്‍ ശക്തമായ കടല്‍ക്ഷോഭത്തില്‍പെട്ടു. അപ്പോള്‍ കുറവിലങ്ങാട് മുത്തിയമ്മയെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും ഒരു കപ്പലിന്റെ മാതൃക പണികഴിപ്പിച്ച് കുറവിലങ്ങാട് പള്ളിക്ക് കൊടുത്തുകൊള്ളാമെന്ന് നേര്‍ച്ച നേരുകയും ചെയ്തതോടെ കടല്‍ ശാന്തമായി. സുരക്ഷിതരായി തിരിച്ചെത്തിയ അവര്‍ കപ്പല്‍ നിര്‍മ്മിച്ച് കുറവിലങ്ങാട് പള്ളിക്ക് കൊടുത്തു. മൂന്നുനോമ്പിന്റെ അനുഷ്ഠാനങ്ങളില്‍ പ്രധാനപ്പെട്ടതായി കാലക്രമത്തില്‍ കപ്പല്‍ പ്രദക്ഷിണം മാറി.


പത്താം തീയതി തിരുനാള്‍
വി.സെബസ്ത്യാനോസിന്റെ തിരുനാളാണ് പത്താം തീയതി തിരുനാള്‍ എന്ന പേരില്‍ ആചരിക്കുന്നത്.  ജൂലിയന്‍ കലണ്ടര്‍ അനുസരിച്ച് വിശുദ്ധന്റെ തിരുനാളായ ജനുവരി 20 എന്നത് 10-ാം തീയതി ആയതിനാലാണ് ഇങ്ങനെ ഒരു പേരുവന്നത്. മൂന്നുനോമ്പിന്റെ തീയതികള്‍  ജനുവരി 20 ന് അടുത്ത് വരുമ്പോള്‍  വലിയ നോമ്പിന് മുമ്പുള്ള ശനി, ഞായര്‍ ദിവസങ്ങളിലാണ് ഈ തിരുനാള്‍ ആഘോഷിക്കുന്നത്  ചെറിയ പെരുന്നാള്‍, ചെറിയ പള്ളിപ്പെരുന്നാള്‍ എന്നൊക്കെ ഈ തിരുനാള്‍ പ്രസിദ്ധമാണ്. കഴുന്ന് (അമ്പ്) വീടുകളില്‍ ആഘോഷപൂര്‍വ്വം പ്രതിഷ്ഠിക്കുന്നതും തുടര്‍ന്ന് പ്രദക്ഷിണമായി ഇടവകയുടെ നാനാഭാഗങ്ങളില്‍ നിന്നും പള്ളിയില്‍ എത്തിക്കുന്നതും ഈ തിരുനാളിന്റെ മുഖ്യ സവിശേഷതയാണ്. ദാരിദ്ര്യം, കഷ്ടനഷ്ടങ്ങള്‍, പകര്‍ച്ചവ്യാധികള്‍, പടുമരണങ്ങള്‍ ഇവയില്‍ നിന്നൊക്കെ രക്ഷനേടുവാന്‍ സെബസ്ത്യാനോസിന്റെ മാദ്ധ്യസ്ഥം തേടുവാന്‍ ആയിരങ്ങള്‍ ഇവിടെ എത്തിച്ചേരുന്നു.

എട്ടുനോമ്പ് തിരുനാള്‍
മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ പരമ്പരാഗതമായ നോമ്പാണ് സെപ്റ്റംബര്‍ 1 മുതല്‍ 8 വരെയുള്ള എട്ടുനോമ്പ്. പരി.കന്യകാമറിയത്തിന്റെ ജനനത്തിരുനാളിനോടനുബന്ധിച്ചാണ് ഇത് ആചരിക്കുന്നത്. സെപ്റ്റംബര്‍ 8 നു മുമ്പുള്ള സപ്തദിനങ്ങള്‍ മുഴുവന്‍ പരിശുദ്ധമായി ആചരിക്കുന്നു. ഈ ദിവസങ്ങളില്‍ കുട്ടികളും മുതിര്‍ന്നവരും മുത്തിയമ്മയുടെ രൂപത്തിങ്കല്‍ പൂക്കള്‍ അര്‍പ്പിക്കുന്നതും  രാപകല്‍  ദൈവാലയത്തിലിരുന്നു പ്രാര്‍ത്ഥിക്കുന്നതും ഈ തിരുനാളിന്റെ പ്രത്യേകതയാണ്.

മറ്റ് പ്രധാന തിരുനാളുകള്‍ :  ഏപ്രില്‍ 24 ന് തൊട്ടടുത്തു വരുന്ന ഞായറാഴ്ച ഗീവര്‍ഗീസിന്റെ തിരുനാള്‍, ആഗസ്റ്റ് 15 ന് മാതാവിന്റെ സ്വര്‍ഗ്ഗാരോപണതിരുനാളും കല്ലിട്ടതിരുനാളും ഓക്‌ടോബറിലെ ആദ്യ ഞായറാഴ്ച വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാള്‍, നവംബറിലെ അവസാന ഞായറാഴ്ചയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ എന്നിവ ഇടവകയിലെ വിവിധ സോണുകളുടെ നേതൃത്വത്തില്‍ ഇടവകയൊന്നാകെ ആചരിക്കുന്നു. കോഴാ കപ്പേള കേന്ദ്രീകരിച്ച് മാര്‍ച്ച്  മുഴുവനും പ്രത്യേകിച്ച് മാര്‍ യൗസേപ്പിതാവിന്റെ മരണതിരുനാള്‍ ദിനമായ 19ന് ആയിരക്കണക്കിന് നാനാജാതി മതസ്ഥരായ തിരുനാളിലും തുടര്‍ന്നുള്ള ഊട്ടുനേര്‍ച്ചയിലും പങ്കെടുത്തുവരുന്നു. 
മാസാദ്യവെള്ളിയാഴ്ചകളില്‍ പുലര്‍ച്ചെ 4.30 മുതല്‍ രാത്രി 11.30 വരെ വിശ്വാസികള്‍ക്ക് വിവിധ ഭക്താനുഷ്ഠാനങ്ങള്‍ക്കായി ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ 4.30 മുതല്‍ രാത്രി എട്ടുവരെ വിശുദ്ധ കുര്‍ബാനകളുണ്ട്. മാസാദ്യവെള്ളിയാഴ്ചകളില്‍ വൈകുന്നേരം 5.30നുള്ള വിശുദ്ധ കുര്‍ബാനയെതുടര്‍ന്ന് ദിവ്യകാരുണ്യ ആരാധനയും നടക്കും.  ശനിയാഴ്ചകളില്‍ വൈകുന്നേരം അഞ്ചിനുള്ള വിശുദ്ധ കുര്‍ബാനയെതുടര്‍ന്ന് ജപമാലപ്രദക്ഷിണം പതിവായി നടക്കുന്നു. ബുധനാഴ്ച വൈകുന്നേരം 8.30 മുതല്‍ സന്നദ്ധസേവകരായ കുടുംബങ്ങളുടെ നേതൃത്വത്തില്‍ അത്ഭുത ഉറവയ്ക്കല്‍ ജപമാല നടന്നു വരുന്നു. 
ഓശാന ഞായര്‍ തമുക്കു നേര്‍ച്ചയുടെ ദിനമാണ് കുറവിലങ്ങാട് പള്ളിക്ക്. പുരാതന ദൈവാലയങ്ങളില്‍ മാത്രമുണ്ടായിരുന്ന ഈ നേര്‍ച്ച കളത്തൂര്‍ കരക്കാരുടെ നേതൃത്വത്തിലാണ് നടത്തപ്പെടുന്നത്. 

Moonnu Nombu

The annual festival of the Pilgrim Center is celebrated with great pomp and gaiety. The feast is clubbed with a 3 days fasting known as moonnu nombu, every year on Monday, Tuesday and Wednesday 3 weeks before the starting of the holy season of lent.

Kappalottom

A forty feet wooden ship, beautifully built with prow, stern, masts and rigging, having on one side an effigy of Jonah being vomited by the fish as per the orders of the Lord, and on the deck wooden mariners in western costume, has been for centuries the centre of attraction in the midday procession. Amidst the surging mass of humanity the spectacle makes one imagine that the sea is furious, the waves are beating against the sides of the ship and violent winds rip the sails out of control.